Friday, 18 January 2013

കളി കൂട്ടുകാരി

                                               



                                            കിടന്നിട്ടു ഉറക്കം വരുന്നില്ല... ലൈറ്റിട്ട് ഞാന്‍ സമയം നോക്കിയപ്പോള്‍ മണി പതിനൊന്നര ആയി.. ദൈവമേ ഒരു മണിക്കൂര്‍ ആയി ഞാന്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്... കണ്ണടക്കുമ്പോള്‍ ഒക്കെ എനിക്ക് ഇന്ന് പകലത്തെ സംഭവങ്ങള്‍ ഓര്‍മ്മ വരും....  കുറച്ചു ദിവസങ്ങളായി എനിക്ക് അങ്ങനെയാണ്, കിടന്നാല്‍  ഒരു പാട് സമയം വേണ്ടി വരും ഉറങ്ങാന്‍... രാവിലെയോ, അമ്മയുടെ രണ്ടു വഴക്ക് കേട്ടാല്‍ മാത്രമേ ഉറക്കത്തില്‍ നിന്നും ഉണരാറുള്ളൂ ... പതിവ് പോലെ അമ്മ വിളിക്കുന്നതും പ്രതീക്ഷിച്ചു പകുതി മയക്കത്തില്‍ ഞാന്‍ കിടക്കുകയായിരുന്നു....   അമ്മ പതിവില്ലാതെ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത് കേട്ടു .. തീരെ വയ്യ !! ഇന്ന് വെളുപ്പിന് ഹോസ്പിറ്റലില്‍ വീണ്ടും  കൊണ്ട് പോയത്രേ ....അപ്പോഴാണ്‌  ഞാന്‍ വെളുപ്പിന് ഉണര്‍ന്ന കാര്യം ഓര്‍ത്തത്  .... വെളുപ്പിന് ഒരു മൂന്ന് മണി ആയിക്കാണും.... പട്ടികളുടെ നിര്‍ത്താത്ത ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. എന്റെ റുമിന്റെ തൊട്ടടുത് റോഡ്‌ ആയതു കൊണ്ട്  ആരൊക്കെയോ സംസാരിച്ചു നടന്നു പോകുന്ന പോലെ തോന്നി..പിന്നെ എനിക്ക് തോന്നി, ചിലപ്പോള്‍ തട്ടിന്‍ പുറത്തു കൂടി എലികള്‍ മോര്‍ണിംഗ് വാക്ക് നടത്തുന്നത് ആയിരിക്കും എന്ന്..ഞാന്‍ അത് പോലെ തന്നെ ഉറങ്ങിപ്പോയി....

                 
ഇത്രയും ഓര്‍ത്തപ്പോഴെക്കും ചേച്ചി വന്നു എന്നെ വിളിച്ചു ...എന്നെ കണ്ടപ്പോള്‍ അമ്മ പറഞ്ഞു, മോനെ അമ്മാവന് തീരെ സുഖമില്ല.... എന്തെങ്കിലും സംഭവിച്ചാല്‍ ചേച്ചി നിന്നെ വിളിക്കും ....നീ അപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും ഇറങ്ങണം എന്നൊക്കെ..... ഞാന്‍ മൂളി  കേട്ടു  എങ്കിലും ഇത് ഇപ്പോള്‍ എത്ര പ്രാവശ്യമായി ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നു...പുള്ളികാരന്‍ പുലി പോലെ  ഇങ്ങു പോരും എന്ന്  മനസ്സില്‍ ചിന്തിച്ചു ... 

അമ്മാവനെ ഞാന്‍ പരിചയപ്പെടുത്തിയില്ലല്ലോ.... എന്റെ അമ്മയുടെ ഫസ്റ്റ് കസിന്‍ ആണ് പുള്ളിക്കാരന്‍...ചെറുപ്പം മുതല്‍ ഞാന്‍ അമ്മാവനെ കാണുന്നതാ..  ആ മെലിഞ്ഞ ശരീരവും ,നീളമുള്ള താടിയും എപ്പോഴും എനിക്ക് ഓര്‍മ്മ വരും... അമ്മാവന്റെ രണ്ടാമത്തെ കുട്ടി വെള്ളത്തില്‍ പോയി മരിച്ചപ്പോള്‍ മുതല്‍ ആണ് അമ്മാവന്‍ താടി വെച്ച് നടക്കാന്‍ തുടങ്ങിയത്  എന്ന് അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്....... 




അമ്മാവന്റെ ബാക്കി ഉള്ള രണ്ടു  മക്കളില്‍ ഇളയവള്‍ ആയിരുന്നു എന്റെ കളി കൂട്ടുക്കാരി ... എന്നെക്കാള്‍ ഒരു വയസിനു മുതിര്‍ന്നത് ആണെങ്കിലും ഞങ്ങള്‍ അത്ര കളിക്കൂട്ടുക്കാരായിരുന്നു..... ഒരുമിച്ചു ഒരേ സ്കൂളില്‍ പഠിച്ചു ... ഒരു പോലെ ഞങ്ങള്‍ പശുകിടാവിനെയും ആടിനെയും പുല്ല് തീറ്റിച്ചു  കൊണ്ട്  പാടത്തും പറമ്പിലും  നടന്നു..... നട്ടുച്ചക്ക് സര്‍പ്പ കാവിന്റെ ഇടയിലൂടെ ഞങ്ങള്‍  പേടിയോടെ ഒരുമിച്ചു  ആടിന് വെള്ളം കൊടുക്കാന്‍ പോകുമായിരുന്നു.... അവള്‍ ആണ് എനിക്ക് പറഞ്ഞു തന്നത്,  സര്‍പ്പക്കാവിനു നേരെ കൈ ചുണ്ടാന്‍ പാടില്ല... ചുണ്ടിയാല്‍ പത്തു വിരലും വായില്‍ വെച്ച് കടിക്കണം ..അല്ലെങ്കില്‍ സര്‍പ്പ ദോഷം ഉണ്ടാകും എന്നൊക്കെ...പിന്നിടൊരിക്കല്‍ എന്നോടു പറഞ്ഞു,  അവള്‍ പുല്ല് പറിക്കാന്‍ പോയപ്പോള്‍ പാമ്പിന്റെ വാള്‍ അരിവാള്‍ കൊണ്ട് മുറിഞ്ഞു....അത് സര്‍പ്പക്കാവിലെ പാമ്പായിരുന്നു.... പല കളറില്‍ പിന്നീട് ആ പാമ്പ് പ്രത്യക്ഷമായി എന്നൊക്കെ.... സ്വതവേ ഇങ്ങനത്തെ വിശ്വാസങ്ങള്‍ കേള്‍ക്കാന്‍ പകല്‍ നല്ല താല്‍പര്യവും രാത്രിയില്‍ മുട്ട് കൂട്ടി ഇടിക്കുന്ന സ്വഭാവവും ഉള്ള ഞാന്‍ അതൊക്കെ അതേ പടി  വിശ്വസിച്ചു... പഠിക്കാന്‍ അവള്‍ എന്നെക്കാള്‍ മിടുക്കിയായിരുന്നു.. എന്നേക്കാള്‍ ഒരു ക്ലാസ്  മുന്നില്‍ ആയിരുന്നു അവള്‍ പഠിച്ചത്.... ഞാന്‍ നാലിലേക്ക് പാസ് ആയപ്പോള്‍ അവള്‍ ആ ചെറിയ എല്‍.പി സ്കൂള്‍ വിട്ടു വേറെ സ്കൂളില്‍ ചേര്‍ന്നു...പിന്നീടുള്ള ഞങ്ങളുടെ കണ്ടു മുട്ടലുകള്‍ അവധി ദിവസങ്ങളില്‍ ആയി.. അവളുടെ വീടിന്റെ താഴെ പാടവും കവുങ്ങുകളും മരങ്ങളും ഒക്കെ ഒരുപാട് ഉണ്ട്... അതിന്റെ ചുവട്ടില്‍ ഇരുന്ന് ഞങ്ങള്‍ മണ്ണപ്പം ചുട്ടും , ഒളിച്ചു കളിച്ചും ഒക്കെ വളര്‍ന്നു........


   
ഞാന്‍ നാലില്‍ നിന്ന് പാസ്സ് ആയപ്പോള്‍ അച്ചന്‍ എന്നെ അവള്‍ പഠിക്കുന്ന സ്കൂളില്‍ ചേര്‍ത്തില്ല്ല ..... എന്റെയും അവളുടെയും കണ്ടു മുട്ടലുകള്‍ക്ക് പിന്നെയും ദൈര്‍ഘ്യം ഏറി... കാരണം അവധി ദിവസങ്ങളില്‍ അവളുടെ അമ്മയുടെ നിര്‍ദ്ദേശ പ്രകാരം അവള്‍ ബന്ധുക്കളുടെ വീട്ടില്‍  പോയി അവരുടെ കുഞ്ഞുങ്ങളെ നോക്കുമായിരുന്നു...വീട്ടില്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടൊന്നും  ആയിരുന്നില്ല... അവള്‍ അങ്ങനെപ്പോയത്... ബന്ധുക്കളുടെ ഇഷ്ട പ്രകാരം അവള്‍ പോയി... പതിയെ പതിയെ അവള്‍ പഠിത്തത്തില്‍ ഉഴപ്പി തുടങ്ങി... അപ്പോഴേക്കും എനിക്ക് വേറെ കൂ ട്ടുകാര്‍ കിട്ടിയിരുന്നു..... ഞാനും വേറെ ഒരു ലോകത്തായി..... എങ്കിലും ഞങ്ങള്‍ പരസ്പരം മറന്നില്ല...എപ്പോള്‍ കണ്ടാലും ആ പഴ സ്നേഹം ഞങ്ങളുടെ ഉള്ളില്‍ നിറഞ്ഞു നിന്നു ...

അവള്‍ പത്താം ക്ലാസ്സില്‍ തോറ്റു ..പിന്നിട് അവള്‍ പഠിക്കാന്‍ പോയില്ല... എനിക്ക് പറയണം എന്ന് ഉണ്ടായിരുന്നു...ഒരു പ്രാവശ്യം കൂടി നീ ശ്രമിക്ക് ..രക്ഷപ്പെട്ടാലോ എന്നൊക്കെ....പക്ഷെ അവള്‍ അടുത്തുള്ള കമ്പനിയില്‍ ചെറിയെ ജോലിക്ക് പോയി... എന്റെ ബോര്‍ഡ്‌ എക്സാംന്റെ പത്തിലെ റിസല്‍ട്ട് വന്നപ്പോള്‍ ഞാന്‍ അതിനെക്കാളും ഞെട്ടി...പാസ്സായെങ്കിലും വലിയ മാര്‍ക്കൊന്നുമില്ല...അച്ചന്‍ എന്നെ കണ്ണ് ഉരുട്ടി കാണിച്ചെങ്കിലും വീണ്ടും എന്നെ പഠിക്കാന്‍ അയച്ചു..... 

              ഞാന്‍ പ്ലസ്‌ വണ്‍ പഠിക്കുമ്പോള്‍ ആണ് അമ്മ ഒരു ദിവസം പറയുന്നത്... അവളുടെ കല്യാണം തീരുമാനിച്ച കാര്യം ..ഞാന്‍ അത്ഭുതത്തോടെ അമ്മയോട് ചോദിച്ചു: അതിനു അവളുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞില്ലല്ലോ..പിന്നെ എങ്ങനെയാ ?? അപ്പോള്‍ അമ്മ പശുവിനു പുല്ല് ഇട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു.... അവളുടെ ചേച്ചിക്ക് വന്ന കല്യാണ ആലോചന ആണ്..അവള്‍ക്ക് വേണ്ട എന്ന് പറഞ്ഞപ്പോള്‍ ഇവള്‍ സമ്മതിച്ചു എന്ന്...... കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ കുറച്ചു കൂടി ക്ലിയര്‍ ആയി.... ഞങ്ങളുടെ തന്നെ അകന്ന ബന്ധത്തില്‍ ഉള്ളതാണ് പയ്യന്‍.....ജീവിതം  അടിച്ചു പൊളിച്ച ഒരു നിര്‍ണ്ണായക നിമിഷത്തില്‍ പയ്യന്റെ ബൈക്ക് ഏതോ വണ്ടിയില്‍ പോയി ഇടിച്ചു..പകുതി ശരീരം തളര്‍ന്നു പോയ അയാള്‍ക്ക് ഒരു പാട് കാലത്തെ ട്രിറ്റ്മെന്റിന് ശേഷം പിടിച്ചു പിടിച്ചു നടക്കാം എന്നായി..... 


         എനിക്ക് ആ വാര്‍ത്ത കേട്ടപ്പോള്‍ സങ്കടം ആയിരുന്നു.... അവളുടെ വിവാഹം നടക്കുന്നതില്‍ ആയിരുന്നില....അവളെക്കാള്‍  ഏകദേശം പതിനാല്‌ വയസ്സ് മുതിര്‍ന്ന ഒരാള്‍ ...സ്വത്ത് ഒരു പാട് ഉണ്ടെങ്കിലും  അയാള്‍ ഈ ജീവിതത്തില്‍ അവള്‍ക്ക് ഒരു സുരക്ഷിതത്വം നല്‍കാന്‍ സാധിക്കില്ല..... എന്തിനാ അമ്മെ !! അവള്‍ ഈ കല്യാണത്തിനു സമ്മതിച്ചത്?  അവള്‍ക്ക് കല്യാണ പ്രായം ഒന്നും ആയിട്ടില്ലല്ലോ ...അത് കേട്ട് അമ്മ എന്നെ വഴക്ക് പറഞ്ഞു.... ഒന്ന് മിണ്ടാതെ ഇരിക്കടി .. അവള്‍ സ്വന്തം ഇഷ്ട പ്രകാരം ആണ് ഇത് സമ്മതിച്ചത്..മാത്രമല്ല എല്ലാരും എന്തോ വലിയ കാര്യം ലഭിച്ച സന്തോഷത്തിലാ....പക്ഷെ എനിക്ക് സംശയം ആയിരുന്നു...ആ ജീവിതം വിജയിക്കുമോ എന്ന കാര്യത്തില്‍....


എന്റെ സംശയം പോലെ തന്നെ മാസങ്ങള്‍ക്ക് ശേഷം അവള്‍ വീട്ടിലേക്ക്  തിരിച്ചു വന്നു... അവനു സംശയം ആയിരുന്നു അവളെ....... അവള്‍ ഒറ്റക്കായിരുന്നില്ല തിരിച്ചു വന്നത്..കൂടെ ഒരു ആണ്‍കുഞ്ഞും......  ഞാന്‍ പിന്നെയും പഠിച്ചു കൊണ്ടിരുന്നു.... ഡിഗ്രി കഴിഞ്ഞപ്പോള്‍ ജോലി കിട്ടി... ജോലിയോട് കൂടെ ഞാന്‍ ഒരു പി. ജി എടുത്തു...എന്നിട്ടും എനിക്ക് മതിയായില്ല..വീണ്ടും രണ്ടാമത് ഒരു പി. ജി യും കുടി എടുത്തു.... പിന്നെ പി.എച്ച് .ഡി ചെയ്യാന്‍ തുടങ്ങി.... എന്റെ ജോലിയിലും അതിനനുസരിച്ച് കയറ്റം കിട്ടി  കൊണ്ടിരുന്നു....


എന്നാല്‍ അവളുടെ ജീവിതത്തിന്റെ ഗ്രാഫ് നേരെ താഴേക്ക് ആയിരുന്നു.... അവള്‍ ഏകദേശം രണ്ടു വര്‍ഷത്തോളം ആ വീട്ടിന്റെ പുറത്ത് ഇറങ്ങിയില്ല...അവളെ കാണുന്നത് ഒരു അപലക്ഷണമായി എല്ലാര്ക്കും തോന്നി തുടങ്ങി....പിഴച്ചു പ്രസവിച്ചവളെ പോലെ എല്ലാരും അവളെ നിന്ദിച്ചു ...... നാട്ടുക്കാരുടെയും ബന്ധുക്കളുടെയും പരിഹാസം കേള്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അമ്മാവന്‍ പലപ്പോഴും കുടിച്ചു വന്നിട്ട് അവളെ  വഴക്ക് പറയുമായിരുന്നു....എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ അടുത്തുള്ള ഒരു കടയില്‍ ജോലിക്ക് പോയി തുടങ്ങി.... അവളുടെ ഭര്‍ത്താവിന്റെ വീട്ടുക്കാര്‍ പിന്നെ അവളെയും  കുഞ്ഞിനേയും തിരിഞ്ഞു നോക്കിയില്ല.... പലപ്പോഴും അവളുടെ മനസ്സ് തുറക്കുന്നത് എന്നോടാണ്.... ജീ വിക്കണം എന്നില്ല.എങ്കിലും മോന്റെ മുഖം കാണുമ്പോള്‍ ജീ വിക്കാതെയും പറ്റില്ല എന്നൊക്കെ..... 

ദിവസങ്ങള്‍ പെട്ടന്ന് കഴിഞ്ഞു പോകുന്നു..പെട്ടന്ന് ആയിരുന്നു അമ്മാവന് സുഖമില്ലാതെ വന്നത്.. ഓര്‍മ്മക്കുറവായി ആ അസുഖം തുടങ്ങി എങ്കിലും പെട്ടന്നു തന്നെ അസുഖം കൂടി .. .... ഇന്ന് വെളുപ്പിന് ശ്വാസം എടുക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു അമ്മാവനെ വെന്റിലെറ്ററില്‍ ആക്കി.... ഉച്ചക്ക് ചേച്ചി ആണ് എന്നെ വിളിച്ചു പറഞ്ഞത്...അമ്മാവന്‍ മരിച്ചു എന്ന്....


ഞാന്‍ ചെല്ലുമ്പോള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുക്കാരി അവളുടെ അച്ചന്റെ മുഖത്ത് നോക്കി ആ ഡെഡ് ബോഡിക്കരികില്‍ ഇരിക്കുണ്ടായിരുന്നു..ചേച്ചി എന്നോട് പറഞ്ഞു..അവള്‍ വന്നപ്പോള്‍ മുതല്‍ ഇരിക്കുന്ന ഇരിപ്പ് ആണ്...എഴുന്നേറ്റിട്ടില്ല എന്ന്.... അവള്‍ കരയുന്നുണ്ടായിരുന്നില്ല..... വേറെ ഏതോ ലോകത്ത് ....അമ്മാവന്റെ ബോഡി ചിതയിലേക്ക് എടുക്കാന്‍ നേരം അവള്‍ ആ വിറങ്ങലിച്ച ശരീരം  കെട്ടി പിടിച്ചു ഉറക്കെ ഉറക്കെ കരഞ്ഞു...എനിക്ക് അത് കേള്‍ക്കാന്‍ ശക്തിയില്ലാതെ വീട്ടിലേക്ക്  ഞാന്‍ ഓടി ...  ജീവിതത്തില്‍ അവള്‍ എടുത്ത ഒന്നോ രണ്ടോ തീരുമാനങ്ങള്‍ മാറിപ്പോയതാണ് ഇന്നവള്‍ അനുഭവിക്കുന്ന കഠിനമായ വേദനയ്ക്ക് പിന്നില്‍.... ഇനി അവള്‍ എന്ത് ചെയ്യും?? ഒറ്റയ്ക്ക് അവള്‍ എങ്ങനെ ബാക്കി  ജീവിതം മുഴുവന്‍ ?? 

തട്ടിന്‍ പുറത്തു കൂടി വീ ണ്ടും എലികള്‍ ഓടി തുടങ്ങി..... സമയം ഇപ്പോള്‍ പന്ത്രണ്ടു കഴിഞ്ഞു.... തല വേദനിച്ചിട്ടു വയ്യ...ഇനി ഉറങ്ങിയില്ല എങ്കില്‍ നാളെ ജോലിക്ക് പോകാന്‍ സാധിക്കില്ല... ഞാന്‍ വീണ്ടും   ലൈറ്റ് ഓഫാക്കി കണ്ണടച്ച് കിടന്നു...ജീവിതത്തില്‍ എന്നും തല താഴ്ത്തി നടന്നിട്ടുള്ള അമ്മാവന്റെ ആ ശോഷിച്ച മുഖ്സം എന്റെ മനസ്സില്‍ വീണ്ടും  തെളിഞ്ഞു വരാന്‍ തുടങ്ങി  


                                                      

No comments:

Post a Comment